Tuesday, November 20, 2018

മീലാദ് ചിന്തകള്‍- 1, മനസ്സ് നന്നാവട്ടെ... - അഷ്റഫ് വാഫി വാളാട്

No comments :

മനസ്സ് നന്നാവട്ടെ...



          നേര്‍വഴിക്ക് നടത്താനും അതില്‍ നിന്ന് പിന്തിരിപ്പിക്കാനുമുള്ള രണ്ട് അടിസ്ഥാന ഭാവങ്ങള്‍ മനുഷ്യനില്‍ സ്രഷ്ടാവ് തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മനസ്സിന്‍റെ പ്രകൃതം നന്മയാണ്, ശരീരത്തിന്‍റേതാവട്ടെ ആസ്വാദനവും. ആസ്വാദനത്തോടുള്ള അഭിനിവേശം തിന്മയിലേക്ക് നയിക്കുന്നു. എന്നാല്‍ നന്മയുള്ള മനസ്സ് ശരീരം ചെയ്ത തിന്മയെക്കുറിച്ചോര്‍ത്ത് സദാ വ്യഥയിലായിരിക്കും. മനുഷ്യ സമൂഹത്തിന് മഹത്തായ ഒട്ടേറെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ പരിശുദ്ധ പ്രവാചകര്‍ മനസ്സു നന്നാവുന്നത് സംബന്ധിച്ച് പഠിപ്പിച്ച പാഠങ്ങള്‍ ഏറെ പ്രസക്തമാണ്.

നന്മ തിന്മകളെ നിര്‍വചിക്കുന്ന പ്രസിദ്ധമായ ഒരു പ്രവാചക വചനം ഇങ്ങനെയാണ്: 'നന്മയെന്നാല്‍ സല്‍സ്വഭാവമാണ്. തിന്മയെന്നാല്‍ നിന്‍റെ മനസ്സിനെ അസ്വസ്ഥമാക്കുന്നതും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ നീ ആഗ്രഹിക്കുന്നതുമായ കാര്യവും'. മറ്റൊരു നിവേദനം ഇങ്ങനെ വായിക്കാം: 'ആളുകള്‍ നിന്നോട് അനുവദനീയമെന്ന് പറഞ്ഞാലും നിന്‍റെ മനസ്സില്‍ സംശയമുളവാക്കുന്ന കാര്യങ്ങള്‍ തിന്മയാണ്.' ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം നന്മയോ തിന്മയോ എന്ന് തീരുമാനിക്കേണ്ടത് മനസ്സാക്ഷിയോട് ചോദിച്ചാണെന്ന് സാരം.

യതാര്‍ത്ഥത്തില്‍ മതത്തിന്‍റെ സുപ്രധാന തത്വങ്ങളിലൊന്നാണ് ഈ വിശുദ്ധ വചനം ഉള്‍ക്കൊണ്ടിരിക്കുന്നത്. (അടുത്ത ലേഖനത്തില്‍ പറയാന്‍ ഉദ്ധേശിക്കുന്ന മറ്റൊരു അടിസ്ഥാന തത്വവും ഇതില്‍ നിന്നുള്ളത് തന്നെ.) ദേഹേഛ ആസ്വാദനങ്ങളിലേക്ക് ക്ഷണിക്കുമ്പോള്‍ ശുദ്ധപ്രകൃതമുള്ള മനസ്സ് അത് ചെയ്യാമോ എന്ന കാര്യത്തില്‍ സംശയാലുവായിരിക്കും. എന്നാലും അതിന് വിലക്കില്ലല്ലോ എന്നാശ്വസിക്കാന്‍ സുഹൃത്തുക്കളോ സ്വന്തം ശരീരമോ പ്രേരിപ്പിച്ചേക്കാം. തെറ്റാണെന്ന് മനസ്സ് പറയുന്ന കാര്യം ശരിയാണെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ പോലും ചെയ്യാതിരിക്കുകയാണ് വേണ്ടതെന്ന സന്ദേശം എത്ര മഹത്തരമാണ്.

മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന മനസ്സ് ആചാരങ്ങള്‍ക്കും ബാഹ്യ പ്രകടനങ്ങള്‍ക്കുമപ്പുറം മനുഷ്യനന്മയെ മനസ്സിലാക്കുകയും മതത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊള്ളുകയും ചെയ്യും. അത് ഇല്ലാതിരിക്കുന്നിടത്താണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

മനസ്സിലാണ് മഹത്വം കുടികൊള്ളുന്നത്. പ്രവാചകര്‍ പറഞ്ഞതു പോലെ: 'ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാലോ ശരീരമാകെ മോശവുമായി. അതാണ് മനസ്സ്.' മറ്റൊരിക്കല്‍ ഹൃദയത്തിലേക്ക് ചൂണ്ടി അവിടുന്ന് പറഞ്ഞു: 'ഭക്തി ഇവിടെയാണ്.' ഖുര്‍ആന്‍ പറയുന്നു: 'അന്ധത ബാധിക്കുന്നത് കണ്ണുകള്‍ക്കല്ല, ഹൃദയാന്തരങ്ങളിലെ മനസ്സുകള്‍ക്കാണ്.' 'കര്‍മങ്ങളുടെ സ്വീകാര്യത ഉദ്ധേശ്യശുദ്ധിക്കനുസരിച്ചാണെന്ന' മറ്റൊരു തിരുമൊഴിയും പ്രശസ്തമാണ്.

മതം മനുഷ്യ നന്മക്കാണ് എന്നു പറയാറുണ്ട്. മൂല്യങ്ങള്‍ ചോര്‍ന്ന് ആചാരങ്ങള്‍ മാത്രമായി അത് മാറിയാല്‍ പിന്നെ ഈ പറയുന്നതിന് അര്‍ത്ഥമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ആ പേരില്‍ ആചാരങ്ങളെ തരം പോലെ അവഗണിച്ച്, മതത്തിന്‍റെ മൂല്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടാല്‍ പോരേ എന്ന ചോദ്യം അപകടകരവുമാണ്. ആചാരങ്ങള്‍ മൂല്യങ്ങള്‍ക്ക് എതിരാവില്ലെന്നും മതം കേവലം ചില മൂല്യങ്ങളുടെ മാത്രം പേരല്ലെന്നും ഉള്‍ക്കൊണ്ടേ പറ്റൂ.




അഷ്റഫ് വാഫി വാളാട്


No comments :

Post a Comment