Tuesday, November 20, 2018

മീലാദ് ചിന്തകള്‍ -2 #സ്വഭാവം നന്നായാല്‍ - അഷ്റഫ് വാഫി വാളാട്

No comments :
       
ഒരാളുടെ സ്വന്തം ഭാവം പ്രസക്തമാകുന്നത് മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ്. ഒരാള്‍ ഒറ്റക്കിരിക്കുമ്പോള്‍ സ്ഥിരമായി പുഞ്ചിരിച്ചതു കൊണ്ട് എന്തു പ്രയോജനം? എന്നാല്‍ മറ്റൊരാളുടെ മുഖത്ത് നോക്കുമ്പോള്‍ പ്രസന്നതയോടെയും സൗമ്യതയോടെയുമാവുക എന്നത് പ്രധാനമാണ്. ഇവിടെയാണ് നന്മയെന്നാല്‍ സല്‍സ്വഭാവമാണ് എന്ന തിരുമൊഴിയുടെ (കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ഹദീസിന്‍റെ ആദ്യ ഭാഗം) ആന്തരികാര്‍ത്ഥങ്ങള്‍ വ്യക്തമാവുന്നത്.

***             ***             ***

ഭൂമിയിലെ മനുഷ്യജീവിതത്തെ കുറിച്ച് മനോഹരമായ സങ്കല്‍പ്പങ്ങളാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. സമാധാനപൂര്‍ണമായ ജീവിതം അത് വിഭാവനം ചെയ്യുന്നു. അത് സംബന്ധിച്ചുള്ള പ്രയോഗങ്ങള്‍ പോലും സുന്ദരമാണ്. 'ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പാക്കി തന്നിരിക്കുന്നു.' 'ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'  'ഭൂമി സ്വസ്ഥമായി നിലകൊള്ളുമ്പോള്‍ നിങ്ങള്‍ അതില്‍ കുഴപ്പങ്ങളുണ്ടാക്കരുത്.' സ്വച്ഛന്ദമായി ജീവിക്കാന്‍ പ്രേരണ നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങളെത്ര! വൈവിധ്യങ്ങളുടെ ഈ ഭൂമിയില്‍ ജീവിതം സുന്ദരമാവണമെങ്കില്‍ പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും കൂടിയേ തീരൂ.

നശ്വരവും പ്രയാസമേറിയതുമാണ് ഐഹിക ജീവിതമെന്നും, ഇവിടെ ക്ഷമയോടെയും അനുസരണയോടെയും ജീവിക്കുന്നവര്‍ക്ക് സ്വസ്ഥവും ശാശ്വതവുമായ ജീവിതം മരണശേഷമുണ്ടെന്നും പഠിപ്പിക്കുന്ന ഖുര്‍ആന്‍ തന്നെയാണ് ഇത്തരം അധ്യാപനങ്ങളും പകരുന്നതെന്നത് ചിന്തനീയമാണ്. ആര്‍മാദിച്ച് ജീവിക്കാനും ആസ്വദിച്ച് തുലക്കാനുമല്ല ഈ സൂക്തങ്ങളുടെ താത്പര്യമെന്നു വ്യക്തം. അപരനെ പരിഗണിച്ചും ആരെയും പ്രയാസപ്പെടുത്താതെയും ആര്‍ക്കും അരോചകമായി തോന്നാതെയും സുന്ദരമായി ജീവിക്കാനാണ് അവ ആഹ്വാനം ചെയ്യുന്നത്. ഭൂമി അക്രമങ്ങള്‍ക്കും വിദ്വേഷ പ്രകടനങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഉള്ളതല്ല. എല്ലാവര്‍ക്കും  നന്മയും സമൃദ്ധിയും ആഗ്രഹിക്കുകയും പെരുമാറ്റം നന്നാക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. സ്നേഹവും കരുണയും ആര്‍ദ്രതയുമാണ് പരസ്പരം പങ്കുവെക്കപ്പെടേണ്ടത്. മതത്തിന്‍റെ താത്പര്യവും ലക്ഷ്യവും ദൗത്യവും അതാണ്.

പ്രസിദ്ധമായ ചില പ്രവാചക വചനങ്ങള്‍ കാണുക:

        'മതം ഗുണകാംക്ഷയാണ്.'

        'പുഞ്ചിരി ദാനമാണ്.'

        'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ദൈവ കൃപ ലഭിക്കും.'

        'ജീവനുള്ള എന്തിന് നന്മ ചെയ്താലും പ്രതിഫലമുണ്ട്.'

        'തനിക്കിഷ്ടമുള്ളത് തന്‍റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നവനേ പൂര്‍ണ വിശ്വാസിയാവുകയുള്ളൂ.'

        'തീ വിറകിനെ തിന്നുംപോലെ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിക്കും'

        'ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല.'

സ്നേഹത്തിന്‍റെയും പങ്കുവെപ്പിന്‍റെയും മഹത്വം വിളംബരം ചെയ്യുന്ന ഹദീസുകള്‍ ഇനിയുമെത്ര!

മനുഷ്യര്‍ക്കിടയില്‍ പാലം പണിയാനാണ് പ്രവാചകര്‍ ശ്രമിച്ചത്. പങ്കുവെപ്പിന്‍റെ രസതന്ത്രമാണ് അവിടുന്ന് പഠിപ്പിച്ചത്. (അതേക്കുറിച്ച് പിന്നീട് പറയാം). ഒന്നാക്കാനും നന്നാക്കാനുമാണ് അവിടുന്ന് നിയുക്തരായത്. ഭിന്നിപ്പിന്‍റെയും ഛിദ്രതയുടെയും രീതികള്‍ ആര് അനുവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇസ്ലാമിന് അത് അന്യമാണ്.

അഷ്റഫ് വാഫി വാളാട്

No comments :

Post a Comment